October 21st2012  | സുമനസ്സുകളുടെ കാരുണ്യം തേടി എബിന്‍ പി പി …..

കുവൈറ്റ്‌ : പ്രവാസി ജീവിത യാത്രയിലെ വളവില്‍ പൊടുന്നനെ പാഞ്ഞെത്തിയ ദുര്‍വിധിയില്‍ സ്വന്തം കൈ നഷ്ടപ്പെടുത്തേണ്ടി വന്ന എറണാകുളം സ്വദേശി  എബിന്‍ പി . പി   ( 23 ) പ്രവാസിജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്നു. ഏതൊരു ചെറുപ്പക്കാരനെപോലെ ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലേക്ക് ആശകളും, സ്വപ്നങ്ങളും , പ്രതീക്ഷകളും പേറി  ദിനാറിന്‍റെ മേച്ചില്‍പ്പുറങ്ങളിലേക്ക്  മുന്ന്  വര്‍ഷങ്ങള്‍ക്കു മുമ്പ് കുവൈറ്റില്‍ എത്തിയതായിരുന്നു എബിന്‍.  നാട്ടിലെ കുടുംബത്തിന്‍റെ ആകെയുള്ള  അത്താണിയായിരുന്നു എബിന്‍റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത് രണ്ട് മാസം മുമ്പ് ജോലി സ്ഥലത്ത് നടന്ന ദാരുണമായ  അപകടമായിരുന്നു. ശുവൈക്ക് അല്‍ റായിലുള്ള പ്രിന്റിംഗ്  പ്രസ്സില്‍ 2009 മുതല്‍  ജോലി ചെയ്യുകയായിരുന്നു എബിന് അപകടം സംഭവിച്ചത് കഴിഞ്ഞ ഓഗസ്റ്റ്‌ 11 തിയ്യതി റമദാന്‍ മാസത്തിലായിരുന്നു. പതിവുപോലെ വൈകുന്നേരത്തെ ഷിഫ്റ്റില്‍ ജോലി ചെയ്യുകയായിരുന്ന എബിന്‍ പ്രിന്‍റ് ചെയ്ത പേപ്പറുകള്‍ ഓഫ്സെറ്റ് പ്രിന്‍റിംഗ് മെഷിനില്‍ നിന്നും എടുക്കുവാന്‍ ശ്രമിക്കവേ കൈ സിലിണ്ടര്‍ ജാക്കറ്റിലെ ഗ്രിപ്പില്‍ നിന്നും തെന്നിമാറി മെഷിനുള്ളില്‍ പെടുകയും, കൈയുടെ മുട്ടിന് മുകളില്‍ വരെ ചതഞ്ഞു  പോവുകയാണുണ്ടായത്. സംഭവത്തെ തുടര്‍ന്ന് അബോധവസ്ഥിയിലായ എബിന്‍ ഒരു മാസത്തോളം അല്‍ റാസി ആശുപത്രിയില്‍ ചികല്‍സയിലായിരുന്നു. സുമനസ്സുകളുടെ സഹായത്താല്‍ ആശുപത്രിയില്‍ കഴിഞ്ഞ എബിന് കമ്പനി അധികൃതരില്‍ നിന്നും വേണ്ടത്ര പരിഗണ ലഭിച്ചില്ലെന്ന് അദ്ധേഹത്തിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു.

നാട്ടിലെ കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്ന മകന്‍റെ   അവസ്ഥയോര്‍ത്ത് ഹൃദയം നുറുങ്ങുന്ന വേദനകള്‍ കടിച്ചമര്‍ത്തി സ്വയം പഴിച്ച്  തേങ്ങുകയാണ് എബിന്‍റെ മാതാപിതാക്കള്‍ . ഏക സഹോദരിയുടെ കല്യാണം ഈ  അടുത്താണ് കൂട്ടുക്കാരില്‍ നിന്നൊക്കെ കടം വാങ്ങി എബിന്‍ നടത്തിയത്. വലിയ ഒരു കട ബാധ്യത ബാക്കിയാക്കി ജീവതത്തിന്‍റെ ആരംഭത്തില്‍ തന്നെ ദുഃഖത്തിന്‍റെ കയ്പ്പ് രസത്തില്‍ കണ്ണുനീര്‍ ചാല് കീറി നാട്ടിലേക്ക് മടങ്ങുവാന്‍  തീരുമാനിച്ചിരിക്കുകയാണ് എബിന്‍ .

കുവൈറ്റിലെ പ്രമുഖ സംഘടനയായ  കുവൈറ്റ്‌ കെ എം സി യുമായി ബന്ധപ്പെട്ടപ്പോള്‍ , പ്രസിഡണ്ട്‌ ശരഫുദ്ധീന്‍ കണ്ണേത്ത് തൊഴിലുടമയെ ബന്ധപ്പെടുകയും , ഇന്‍ഷുറന്‍സ് കമ്പനിയില്‍ പ്രിന്‍റിംഗ് പ്രസ്‌  ഇന്‍ഷുര്‍  ചെയ്യാത്തതിനാല്‍ വലിയ ഒരു സംഖ്യ  സഹായിക്കുവാന്‍ പറ്റുകയില്ലന്ന്  സ്പോന്‍സര്‍   തീര്‍ത്ത് പറഞ്ഞെങ്കിലും , തൊഴില്‍ വകുപ്പുമായി ബന്ധപ്പെടുമെന്ന  നിലയെത്തിയപ്പോള്‍ മാന്യമായ ഒരു ഒത്തുതീര്‍പ്പിന് തയ്യാറാവുകയായിരുന്നു. പക്ഷെ  ലഭിച്ച സംഖ്യ ചികല്‍സക്ക് പോലും  തികയാത്ത അവസ്ഥയാണുള്ളതെന്ന് അദ്ധേഹത്തിന്‍റെ ബന്ധുക്കള്‍ അറിയിച്ചു. വളരെ ചെറിയ പ്രായത്തില്‍ത്തന്നെ ഒരു കൈ നഷ്ടപ്പെട്ട എബിന്‍ , മുന്നിലകപ്പെട്ട ഇരുട്ടില്‍ പകച്ചുനില്‍ക്കുകയാണ്. ഈയടുത് കുവൈറ്റ്‌ സന്ദര്‍ശിച്ച  കേന്ദ്ര വിദേശകാര്യ മന്ത്രി എ അഹമ്മദിനെ സന്ദര്‍ശിക്കുവാന്‍ കുവൈറ്റ്‌ കെ എം സി സി അവസരമൊരുക്കുകയും , നിവേദനം സമര്‍പ്പികുകയും ചെയ്ത എബിന്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും സഹായം  പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാനിപ്പോള്‍.

യന്ത്രകൈ വെക്കുവാന്‍ ഏഴായിരം കുവൈറ്റ്‌ ദിനാറാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വീട്ടു ചിലവിനു പോലും വിഷമിക്കുന്ന എബിനെ സംബന്ധിച്ചിടത്തോളം ഇത്രയും വലിയ ഒരു തുക ചിന്തിക്കാന്‍ പോലും അസാധ്യമായ സംഖ്യയാണ്. സുമനസ്സുകളുടെ  കണ്ണികളിലൂടെ  പ്രത്യാശാഭരിതമായ ജീവിത സ്വപ്നങ്ങളെ  ഉറ്റുനോക്കുയിരിക്കുന്ന എബിനെ സഹായിക്കുവാന്‍ ആഗ്രഹമുള്ളവര്‍ താഴെ കാണുന്ന നമ്പരില്‍ ബന്ധപ്പെടെണ്ടതാണ് .  Tel : 65163522.
.