October 7th2013  | മുസ്ലിം ലീഗിന് എന്നും ജനകീയമുഖം : നഗര വികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി

 

കുവൈത്ത് സിറ്റി: ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുസ്ലിം ലീഗിനെയും കള്‍ച്ചറല്‍ സെന്ററുകളെയും ജനകീയമാക്കിയതായി കേരള നഗര വികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. കുവൈത്ത് കെ.എം.സി.സി അബ്ബാസിയ സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച കെ.എം.സി.സി മഹാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മിഡിലീസ്റ്റ് ചന്ദ്രിക കാമ്പയിന്‍ പ്രചാരണത്തിന്റെ സമാപനം കുറിച്ച് നടന്ന സമ്മേളനത്തില്‍ കുവൈത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡും മന്ത്രി നല്‍കി. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് മുസ്‌ലിം ലീഗിനെയും കെ.എം.സി.സികളെയും വ്യത്യസ്ഥമാക്കുന്നത്. ലീഗിലേക്ക് ആളുകള്‍ കടന്നുവരുന്നത് മുസ്ലിം ലീഗിന്റെ ഈ ജനകീയമുഖം കണ്ടുകൊണ്ടാണ്. ശുദ്ധ ബ്രാഹ്മണനായ മുന്‍ഷി മൂസതിന്റെ ലീഗിലേക്കുള്ള വരവ് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

ലീഗിനെയും കെ.എം.സി.സിയെയും തകര്‍ക്കാനുള്ള ശ്രമം ഐസിന് പെയിന്റടിക്കുന്നതിന് തുല്ല്യമാണെന്നും അതുകൊണ്ടുതന്നെ മുസ്ലിംലീഗിനെയും കെ.എം.സി.സിയെയും ശക്തിപ്പെടുത്താന്‍ പ്രവാസി സമൂഹം ശ്രമിക്കണമെന്നും മന്ത്രി അലി പറഞ്ഞു. കുവൈത്ത് കെ.എം.സി.സി പ്രസിഡണ്ട് ഷറഫുദ്ധീന്‍ കണ്ണേത്ത് അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രിക ഡയറക്ടര്‍ ഡോക്ടര്‍ പി.എ.ഇബ്രാഹിം ഹാജി, കുവൈത്ത് കെ.എം.സി.സി ചെയര്‍മാന്‍ സയ്യിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍, കുവൈത്ത് മുനിസിപ്പാലിറ്റി തലവന്‍ ബദര്‍ നാസര്‍ അല്‍ ഉതൈബി, കുഞ്ഞമ്മദ് പേരാമ്പ്ര പ്രസംഗിച്ചു. പത്ര പ്രവര്‍ത്തന രംഗത്തും വിദ്യാഭ്യാസ സാമൂഹ്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ചന്ദ്രിക മുന്‍ സബ് എഡിറ്റര്‍ മലയില്‍ മൂസ്സക്കോയ, പത്ര പ്രവര്‍ത്തന രംഗത്തും പ്രവാസ സാഹിത്യ രംഗത്തും നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് ‘മാതൃഭൂമി’ കുവൈത്ത് ലേഖകന്‍ പി.സി.ഹരീഷ്, ഗള്‍ഫ് യുദ്ധം ഇതിവൃത്തമാക്കി പ്രവാസി ജീവിതത്തിന്റെ തീക്ഷ്ണ ഭാവങ്ങള്‍ അവതരിപ്പിച്ച ‘ദ സ്‌ട്രൈഫ് ഓഫ് ഡീക്കേഡ്‌സ് എന്ന ഇംഗ്ലീഷ് പുസ്തകം രചിച്ച ഒടയം മിസ്ബഹ് എന്നിവരെ സീതിസാഹിബ് അവാര്‍ഡ് നല്‍കി ആദരിച്ചു. രാഷ്ട്രപതിയുടെ മികച്ച അധ്യാപികക്കുള്ള 2013ലെ അവാര്‍ഡ് നേടിയ കുവൈത്ത് ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശാന്താ മറിയം ജയിംസിനും , മുസ്ലിം ലീഗിന്റെ ആശയ പ്രചാരണത്തിന് ഇന്റര്‍നെറ്റില്‍ കൂടി പ്രചുരപ്രചാരം നല്‍കുന്ന റസാക്ക് പടിയൂരിനും പ്രത്യേക മൊമെന്റോയും നല്‍കി.

അവാര്‍ഡ് ജേതാക്കളെ കുവൈത്ത് കെ.എം.സി.സി വൈസ് പ്രസിഡണ്ട് ഫാറൂഖ് ഹമദാനി സദസ്സിന് പരിചയപ്പെടുത്തി. ‘മിഡിലീസ്റ്റ് ചന്ദ്രിക’ സമിതി ജനറല്‍ കണ്‍വീനര്‍ ഷബീര്‍ മണ്ടോളി ചന്ദ്രിക കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കുവൈത്ത് കെ.എം.സി.സി ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത സ്വാഗതവും ട്രഷറര്‍ എച്ച് ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു. കുവൈത്തിലെ പ്രത്യേക സാഹചര്യവുമായി ബന്ധപ്പെട്ട് പൊതുപരിപാടികള്‍ക്ക് വിലക്ക് നിലനില്‍ക്കെ, ആഭ്യന്തര മന്ത്രാലയത്തില്‍നിന്നും പ്രത്യേക അനുമതി നേടിയെടുക്കാന്‍ കുവൈത്ത് കെ.എം.സി.സിക്ക് കഴിഞ്ഞു. കുവൈത്തിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയടക്കം പങ്കെടുപ്പിച്ച് കെ.എം.സി.സി നടത്തിയ മഹാ സമ്മേളനം കുവൈത്ത് സമൂഹത്തില്‍ കെ.എം.സി.സിക്കും അതിന്റെ നേതാക്കള്‍ക്കുമുള്ള അംഗീകാരത്തിന്റെ തെളിവായി. സമ്മേളനത്തോടനുബന്ധിച്ച് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ശരീഫിന്റെയും വാജിദ് കൊല്ലത്തിന്റെയും നേതൃത്വത്തില്‍ ഗാനമേളയും നടന്നു. പുലര്‍ച്ചെ 1 മണിവരെ നടന്ന സമ്മേളന പരിപാടിയുടെ ഒടുക്കം വരെ വന്‍ ജന പങ്കാളിത്തമാണുണ്ടായത്.

.