മലപ്പുറം: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാര്‍ ഹാജിയെ ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തിയ കേസില്‍ വിവാദ വ്യവസായി കെ.എ റൗഫിന്റെ ഫോണ്‍ സംഭാഷണം പുറത്തായി. തനിക്കെതിരായ കേസ് പിന്‍വലിച്ചില്ലെങ്കില്‍ ഐസ്ക്രീം കേസ് കുത്തിപ്പൊക്കുമെന്ന് റൗഫ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
അനധികൃതമായ പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് ലൈസന്‍സ് സംഘടിപ്പിച്ച് കൊടുക്കുക, മഹാരാഷ്ട്രയില്‍ ഇയാളുടെ പേരുള്ള കേസ് പിന്‍വലിക്കുക, തന്റെ പേരിലുള്ള മറ്റ് രണ്ട് കള്ളകേസുകളും പിന്‍വലിക്കുക എന്നീ നാലു കാര്യങ്ങളില്‍ കുഞ്ഞാലിക്കുട്ടി ഇടപെടണമെന്നാണ് ജബ്ബാര്‍ ഹാജിയോട് റൗഫ് ആവശ്യപ്പെട്ടത്.
ഇല്ലെങ്കില്‍ ഐസ് ക്രീം കേസ് വീണ്ടും ചൂടുപിടിപ്പിക്കുമെന്നും പുതിയ തെളിവുകള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട് കുഞ്ഞാലിക്കുട്ടിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും അപകീര്ത്തിപ്പെടുത്തുമെന്നുള്ള സംഭാഷണം ഉള്‍പ്പെടെ നിര്‍ണ്ണായകമായ മറ്റ് വെളിപ്പെടുത്തലുകളും ഫോണ്‍ പരിശോധനയില്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവ ചാനലുകളിലൂടെ പുറത്തുവന്നിട്ടുണ്ട്.
ഫോണ്‍ വിളിയുടെ വിശദാംശം കേസ് അന്വേഷിക്കുന്ന സംഘത്തിന് ജബ്ബാര്‍ ഹാജി ഹാജരാക്കിയിട്ടുണ്ട്. റൗഫ് ഉപയോഗിക്കുന്ന നാല് മൊബൈല്‍ ഫോണുകള്‍ പോലീസ് ഇന്നലെ പരിശോധനക്ക് വിധേയമാക്കി. മഞ്ചേരി എഫ്.എം. സ്റ്റേഷനിലാണ് മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ചത്.