October 9th2012  | കുവൈറ്റില്‍ വിസ തട്ടിപ്പില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ പെരുവഴിയില്‍.

ബുദ്ധിമുട്ടുകളും, വിഷമങ്ങളും മാത്രം ബാക്കിയായി ഒരുകൂട്ടം മലയാളികള്‍ പ്രവാസി ലോകത്ത് നരകയാതന അനുഭവിക്കുന്നു. കുവൈറ്റിലെ പ്രമുഖ ഓയില്‍ കമ്പനിയുടെ പെട്രോള്‍പമ്പുകളിലേക്ക് ജോലിയെന്ന് പറഞ്ഞ് കോഴിക്കോടുള്ള റോയല്‍ റിച്ച് എന്ന ട്രാവല്‍സ് മുഖേന വന്ന മലയാളികള്‍ അടക്കമുള്ളവരാണ് ശമ്പളമോ ഭക്ഷണമോ പോലും കിട്ടാതെ വിഷമിക്കുന്നത് . എട്ട് മണിക്കൂര്‍ ജോലിയും, തൊണ്ണൂറ് ദിനാര്‍ ശമ്പളവുമായിരുന്നു ട്രാവല്‍ ഏജന്‍സി തൊഴിലാളികള്‍ക്ക് വാഗ്ദാനം നല്‍കിയത്. പക്ഷെ കുവൈറ്റില്‍ എത്തി നാലുമാസമായിട്ടും ഒരു നേരത്തെ ഭക്ഷണമോ , നേരായ രീതിയിലുള്ള താമസസൌകര്യമോ നല്‍കാതെ കമ്പനി തങ്ങളെ കബളിപ്പിച്ചിരിക്കുകയാണെന്ന് കൊല്ലം സ്വദേശി സജീവ്‌ പറഞ്ഞു. നാട്ടില്‍ നിന്നും ഒരു ലക്ഷത്തോളം ഇന്ത്യന്‍ രൂപയാണ് വിസക്ക് വേണ്ടി ട്രാവല്‍ ഏജന്‍സി വാങ്ങിയെത് . നാട്ടില്‍നിന്നും വളരെയധികം ആശകളും പ്രതീക്ഷകളുമായി കുവൈറ്റിലെത്തിയ ഇവര്‍ക്ക് വാഗ്ദാനം നല്‍കിയ ജോലിക്ക് പകരം ആശുപത്രിയിലും, സ്കൂളുകളിലും. പാതയോരത്തും ശൂചികരണ ജോലിക്ക് പോകുവനാണ് കമ്പനി ആവശ്യപ്പെട്ടത് . പക്ഷെ അതിന് തയാറാകാതിരുന്നപ്പോള്‍ കയ്യിലുള്ള പാസ്സ്പോര്‍ട്ടും , മറ്റു രേഖകളും കമ്പനി ബലമായി തങ്ങളില്‍നിന്ന് പിടിച്ചു വാങ്ങിയതായി ഇവര്‍ ആരോപിച്ചു. കുവൈറ്റില്‍ വന്ന സമയത്ത് നല്‍കിയ മുപ്പത് ദിനാര്‍ ഒഴികെ ഇതുവരെ ഒരു പൈസ പോലും കമ്പനി തങ്ങള്‍ക്ക് നല്‍കിയില്ലെന്ന് ഇവര്‍ പറഞ്ഞു.

കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ഉണര്‍ത്തിയിതിന്‍റെ അടിസ്ഥാനത്തില്‍ എംബസി ഫസ്റ്റ് സെക്രട്ടറി വിധു പി നായര്‍ കമ്പനിയുമായി ബന്ധപ്പെട്ട് പിടിച്ചുവെച്ച പാസ്പോര്‍ട്ടുകളും , മറ്റു രേഖകളും എത്രയും പെട്ടന്ന് തന്നെ തൊഴിലാളികള്‍ക്ക് തിരികെ കൊടുക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആശാവഹമായ മരുപടിയെല്ല കമ്പനിയുടെ ഭാഗത്ത്‌ നിന്ന് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.. മാത്രവുമല്ല എംബസ്സിയില്‍ നിന്ന് നല്‍കിയ സാക്ഷ്യപത്ര പ്രകാരം തൊഴിലാളികളെ കൊണ്ടുവരാനുള്ള അധികാരം റോയല്‍ റിച്ച് എന്ന ട്രാവല്‍സിന് ഇല്ലായിരുന്നുവെന്നും, ഈ കാര്യത്തെക്കുറിചുള്ള വിശദമായ റിപ്പോര്‍ട്ട്‌ വിദേശകാര്യ വകുപ്പിന് അയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അംബാസിഡറുടെ പ്രത്യേക താല്‍പര്യപ്രകാരം എംബസി ടിക്കറ്റ് നല്‍കാന്‍ തയ്യാറാണെങ്കിലും പാസ്പോര്‍ട്ട്‌ കമ്പനി വിട്ടു നല്‍കാത്തതില്‍ തൊഴിലാളികള്‍ക്ക് തിരികെ പോകുവാന്‍ പറ്റാത്ത അവസ്ഥയാണുള്ളത് .

കേരളത്തിലങ്ങോളം ശാഖകള്‍ ഉള്ള സ്ഥാപനമാണ്‌ റോയല്‍ റിച്ച് ട്രാവല്‍സ്. കേരളത്തിലെ പ്രമുഖ പത്രങ്ങളിലോക്കെ വലിയ രീതിയില്‍ കുവൈറ്റിലെ പ്രമുഖ ഓയില്‍ കമ്പനിയില്‍ അഞ്ഞുറോളം ഒഴിവുകളുണ്ടന്ന് പരസ്യം കൊടുത്താണ് തങ്ങളെ പോലുള്ളവരുടെ വിശ്വാസം ആര്‍ജ്ജിച്ചെടുത്തതെന്ന് തൃശൂര്‍ സ്വദേശിയായ മന്‍സൂര്‍ പറഞ്ഞു. തങ്ങളുടെ യാതനകളും, ബുദ്ധിമുട്ടുകളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കുവെച്ച പലര്‍ക്കും കരച്ചില്‍ കാരണം വാക്കുകള്‍ മുഴുമിക്കാതെ വിങ്ങിപ്പൊട്ടുകയായിരുന്നു.

ഇവര്‍ കുവൈറ്റില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അറിഞ്ഞ ബന്ധുക്കള്‍ , നാടിലെ ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി നല്‍കുവാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. കേന്ദ്ര മന്ത്രിമാരായ വയലാര്‍രവിക്കും, കെ സി വേണുഗോപാലിനും ഈ കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് പാരാതി നല്‍കിയിട്ടും നടപടിയോന്നുമുണ്ടായിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ നടപടികള്‍ക്കായി നിയമ നടപടി സ്വീകരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കുടിയേറ്റ നിയമങ്ങളേയൊക്കെ കാറ്റില്‍പ്പറത്തി സാമ്പത്തിക ലാഭം മാത്രം ഉന്നംവച്ച് നടത്തുന്ന ഇത്തരം അനധികൃതമായ റിക്രൂറ്റ് മെന്‍റ് നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്ന് വിവിധ സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്‌ : സലിം കോട്ടയില്‍.

.