October 18th2012  | കുവൈറ്റില്‍ വാതക ചോര്‍ച്ച .

കുവൈറ്റ്‌ : കുവൈറ്റിലെ  അല്‍ രൗദതൈന്‍ എണ്ണകിണറില്‍ വാതകചോര്‍ച്ചയുണ്ടായതായി കുവൈറ്റ്‌ ഓയില്‍ കമ്പനിയെ ഉദ്ധരിച്ചുകൊണ്ട്  പ്രാദേശിക പത്രങ്ങള്‍   റിപ്പോര്‍ട്ട്‌ ചെയ്തു. അന്തരീക്ഷത്തില്‍ പടര്‍ന്നുപിടിച്ച  വാതകം ശ്വസിച്ച് നിരവധിപേര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയതായി  ആരോഗ്യ മന്ത്രാലയം അറിയിച്ചു, ഇവരില്‍ ചിലരുടെ ആരോഗ്യനിലയില്‍ സാരമായി മാറ്റം കണ്ടതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.വാതക ചോര്‍ച്ച അടക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. എണ്ണകിണറില്‍ കുഴിക്കുന്നതിനിടയില്‍ ഉണ്ടായ സാങ്കേതിക പിഴവാണ് അപകടത്തിന് ഹേതുവായത് . രാജ്യത്തെ എല്ലാ ആശുപത്രികളിലും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുടക്കത്തില്‍ ഉണ്ടായിരുന്ന രൂക്ഷമായ ഗന്ധത്തിന് ഇപ്പോള്‍ മാറ്റമുണ്ട്, എങ്കിലും വാതകചോര്‍ച്ച പൂര്‍ണ്ണമായും നിലക്കാത്തതിനാല്‍ അപകടനില തരണം ചെയ്തിട്ടില്ലെന്ന് കുവൈറ്റ്‌ ഓയില്‍ കമ്പനി അധികൃതര്‍ അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് വിദേശത്തുനിന്നുള്ള സാങ്കേതിക സഹായം തേടുവാന്‍ എണ്ണ മന്ത്രി ഹാനി ഹുസൈന്‍ ഉത്തരവിട്ടു. ഹൈഡ്രജന്‍ സള്‍ഫൈഡ് വാതകത്തിന്‍റെ ചോര്‍ച്ചയാണ് എണ്ണ കിണറില്‍ ഉണ്ടായിരിക്കുന്നത്. ഉയര്‍ന്ന തോതില്‍  ഈ വാതകം ശ്വസിക്കുന്നതിലൂടെ  അപകടകരമായ ആരോഗ്യ പ്രശങ്ങള്‍ക്ക് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ദ്ധന്മാര്‍ അഭിപ്രായപ്പെട്ടു. വാതകത്തിന്റെ ഗന്ധം അനുഭവപ്പെടുന്നവര്‍ പുറത്തേക്കു ഇരങ്ങരുതെന്നും , വീടുകളുടെയും, ഫ്ലാറ്റുകളുടെയും  വാതിലുകളും ജനലുകളും പുറമേ നിന്നുള്ള വായു സഞ്ചാരം കടക്കാത്ത രീതിയില്‍ അടച്ചിരിക്കണമെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു.
.