September 29th2012  | കുവൈറ്റില്‍ പിടിയിലായ ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ശ്രമം തുടങ്ങി

താമസ നിയമ ലംഘകര്‍ക്കായുള്ള പരിശോധനയില്‍ പിടിയിലായ ആയിരത്തോളം വരുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ എംബസി സജീവമായി ഇടപെടുന്നതായി  എംബസി ചാര്‍ജ് ഡി അഫയേര്‍സ് വിധു പ നായര്‍  എംബസിയില്‍ നടന്ന  പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍  പറഞ്ഞു, കഴിഞ്ഞ ബുധനാഴ്ച അതിരാവിലെ  കുവൈറ്റ്‌ സിറ്റിയില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ  നടന്ന  പരിശോധനയില്‍ രണ്ടായിരത്തില്‍  പരം  ഇറാനികള്‍ പിടിയിലായതായാണ്  ആദ്യം റിപ്പോര്‍ട്ട്‌ ചെയ്തത് . പക്ഷെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പിടിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ഇന്ത്യാക്കാരെന്ന്  സ്ഥിരീകരിച്ചത്.  പിടിക്കപ്പെട്ട ഇന്ത്യക്കാരില്‍ ഭൂരിഭാഗവും  വീട്ടു വിസയില്‍ വന്ന് അനധികൃതമായി പുറം  ജോലികള്‍ ചെയ്യുന്നവരായിരുന്നു. കുവൈറ്റിലെ വിവധ പോലീസ് സ്റ്റേഷനിലും, നാടുകടത്തല്‍ കേന്ദ്രങ്ങളിലുമായി  ഇനിയും 650  ലേറെ ഇന്ത്യക്കാര്‍ മോചനത്തിനായി കാത്തുനില്‍ക്കുകയാണെന്ന്  വിധു പി നായര്‍ പറഞ്ഞു. നിയമപരമായി ലഭ്യമാക്കാവുന്ന എല്ലാ സഹായങ്ങളും എംബസി ചെയ്തു കൊണ്ടിരിക്കുകയാണ് മാത്രവുമെല്ല അടുത്ത ദിവസം തന്നെ അഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിയെ കണ്ടു കാര്യങ്ങള്‍  ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ” ഇത്രയും ആളുകളെ ഒരുിച്ച് അറസ്റ്റ്ചെയ്ത കാര്യം കുവൈറ്റ്‌ സര്‍ക്കാര്‍ ഒദ്യോഗികമായി അറിയാക്കാത്തത് കൊണ്ടുതന്നെ സര്‍ക്കാര്‍ തലത്തില്‍ കാര്യങ്ങളില്‍ ഇടപെടുന്നതിന് പരിമിതികളുണ്ടെങ്കിലും  എംബസി ശക്തമായി തന്നെ ഈ വിഷയത്തില്‍ ഇടപ്പെട്ട് കൊണ്ടിരിക്കുകയാണ് .” അറസ്റ്റ്ചെയ്തു എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണന്നും വളരെ മാന്യമായ രീതിയിലാണ് പോലീസ് അധികൃതര്‍  പെരുമാറുന്നതെന്നും അദ്ദേഹം  അറിയിച്ചു . കൃത്യമായ താമസ രേഖകള്‍ ഹാജരാക്കിയ നൂറില്‍പ്പരം ആളുകളെ വിവിധ പോലീസ് സ്റ്റേഷനില്‍നിന്ന് മോചിപ്പിച്ചതായി കുവൈറ്റ്‌ അഭ്യന്തര വകുപ്പില്‍ നിന്നും വിവരം ലഭിച്ചതായി വിധു പി നായര്‍  കൂട്ടിച്ചേര്‍ത്തു.
         വീട്ടു വിസയില്‍ വന്ന ആളുകള്‍ക്ക് കുവൈറ്റ്‌ നിയമപ്രകാരം പുറത്ത് ജോലി ചെയ്യുവാനുള്ള അവകാശമില്ല  , ഇത്തരം ആളുകളുടെ സ്പോണ്‍സറെ കണ്ടെത്തി അവരെ ഏല്‍പ്പിക്കുകയോ , സ്പോന്‍സര്‍ക്ക്  ആവശ്യമില്ലെങ്കില്‍ കുവൈറ്റ്‌ സര്‍ക്കാര്‍  സ്വന്തം ചിലവില്‍ അവരുടെ രാജ്യത്തേക്ക്  നാടുകടത്തുകയുമാണ്‌   ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.  കൊടിയ കുറ്റവാളികളെപ്പോലെ പാതിരാവില്‍  ഒരു പ്രദേശം മുഴുവന്‍ വളഞ്ഞ്  കുടിയേറ്റ വകുപ്പ് നടത്തുന്ന പരിശോധനയെ  രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ശക്തമായി അപലപിച്ചു. ഇത്തരം മനുഷ്യാവകാശധ്വംസനങ്ങള്‍  അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിന്‍റെ അന്തസ്സിനെ താഴ്ത്തിക്കെട്ടാനെ സഹായിക്കുകയുള്ളൂവെന്നു  അവര്‍ ചൂണ്ടിക്കാട്ടി.
.