October 14th2012  | കുടുംബശ്രീ: കെ.സി. ജോസഫിന് മന്ത്രി മുനീറിന്റെ മറുപടി

മലപ്പുറം: കുടുംബശ്രീ സമരത്തില്‍ മന്ത്രി മുനീര്‍ സമരക്കാര്‍ക്കൊപ്പം നിന്നുവെന്ന മന്ത്രി കെ.സി. ജോസഫിന്റെ പരാതിക്ക് മുനീറിന്റെ മറുപടി. കുടുംബശ്രീ സമരം ഒത്തുതീര്‍പ്പാക്കാന്‍ താന്‍ നടത്തിയ ചര്‍ച്ചകള്‍ മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് നടത്തിയതെന്ന് മന്ത്രി മുനീര്‍ പറഞ്ഞു. അതില്‍ താനായിട്ട് ഒന്നും കൂട്ടിച്ചേര്‍ത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

38 ലക്ഷം സ്ത്രീകളുള്ള പ്രസ്ഥാനമാണ് കുടുംബശ്രീ. അത് സര്‍ക്കാരിന്റെ ഏജന്‍സിയാണ്. കേരളത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ബിപിഎല്‍കാരാണ് ഇവരില്‍ അധികവും. അതിനെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പോഷക സംഘടനയാക്കാന്‍ സമ്മതിക്കില്ലെന്നും മുനീര്‍ പറഞ്ഞു. വകുപ്പുമന്ത്രയെന്ന നിലയില്‍ കുടുംബശ്രീയെ മുന്‍നിരയിലെത്തിക്കാനുള്ള പരിശ്രമങ്ങള്‍ തുടരുമെന്നും മുനീര്‍ പറഞ്ഞു.

കുടുംബശ്രീക്കാരെ മുനീര്‍ സഹായിച്ചുവെന്ന് ആരോപിച്ച് മന്ത്രി കെ.സി ജോസഫും എം.എം ഹസനും ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുനീറിന്റെ മറുപടി.

കാലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമി ദാനം ചെയതിട്ടില്ല. സിന്‍ഡിക്കേറ്റിന്റെ അജണ്ട പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും. സര്‍വകലാശാലയ്ക്കായി 600 ഏക്കര്‍ ഭൂമി കണ്ടെത്തിയത് ലീഗാണ്. തന്റെ പിതാവ് അടക്കമുള്ളവരുടെ ശ്രമം അതിന് പിന്നിലുണ്ടായിരുന്നെന്ന് മുനീര്‍ പറഞ്ഞു.

.