December 10th2012  | എയര്‍ ഇന്ത്യ മുഖം മിനുക്കുന്നു .

കരിപ്പൂര്‍: കേരള ഭക്ഷണവും മലയാളമറിയുന്ന ജീവനക്കാരുമായി മുഖംമിനുക്കി കേരളത്തില്‍നിന്നുള്ള യാത്രക്കാരെ ആകര്‍ഷിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരുങ്ങുന്നു. ജനവരി ഒന്നുമുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ കേരളത്തിന്റെ തനത് ഭക്ഷണങ്ങളായിരിക്കും വിതരണംചെയ്യുക. ഇതോടൊപ്പം മലയാളമറിയുന്ന ജീവനക്കാരെ നിയമിക്കാനും തീരുമാനിച്ചു. ഒരു വിമാനത്തില്‍ മലയാളമറിയുന്ന ഒരാളെയെങ്കിലും കാബിന്‍ക്രൂവായി നിയമിക്കാനാണ് ഉദ്ദേശ്യം. ഇതിനായി ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഡ്യൂട്ടിയിലുള്ള ജീവനക്കാരെ കാബിന്‍ ക്രൂവായി മാറ്റാനും ശ്രമമാരംഭിച്ചിട്ടുണ്ട്.

ഉച്ചയ്ക്ക് കേരള രീതിയിലുള്ള സദ്യയായിരിക്കും യാത്രക്കാര്‍ക്ക്. ചോറും സാമ്പാറും നാലുതരം കറികളും ഉണ്ടാകും. രാവിലെ ഇഡ്ഡലി, ദോശ, പുട്ട് കടല, നൂലപ്പം, ഇടിയപ്പം എന്നിവയില്‍ ഏതെങ്കിലുമായിരിക്കും നല്‍കുക. ഇതോടൊപ്പം പ്രത്യേക മലബാര്‍ ഭക്ഷണപാക്കേജും എയര്‍ ഇന്ത്യ അവതരിപ്പിക്കുന്നുണ്ട്. ഇതില്‍ കല്ലുമ്മക്കായ വിഭവങ്ങളും തലശ്ശേരി ബിരിയാണി തുടങ്ങിയവയും ഉള്‍പ്പെടുത്തും. നേരത്തെ മലബാര്‍ ഭക്ഷണം പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയിരുന്നു.

എന്നാല്‍ പിന്നീട് ഇത് കോണ്ടിനന്റല്‍, പാശ്ചാത്യ ഭക്ഷണ ഇനങ്ങളിലേക്ക് മാറി. കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ പ്രധാനമായും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിലെ ഭക്ഷണത്തെയാണ് വിമര്‍ശിച്ചിരുന്നത്. മലയാളം മാത്രമറിയാവുന്ന യാത്രക്കാരെ സഹായിക്കാന്‍ ഒരാളെ കാബിന്‍ക്രൂവായി നിയമിക്കും. ഇത്തരം യാത്രക്കാര്‍ ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ത്തന്നെ ബോര്‍ഡിങ് കാര്‍ഡില്‍ ഇക്കാര്യം രേഖപ്പെടുത്തും.

.