September 24th2012  | അബ്ബാസിയയില്‍ വീണ്ടും കവര്‍ച്ച..

അബ്ബാസിയയില്‍ വീണ്ടും കവര്‍ച്ച..

കുവൈറ്റ്‌ : നീണ്ട ഇടവേളക്ക് ശേഷം അബ്ബാസിയയില്‍ വീണ്ടും ആക്രമണം. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോവുകയായിരുന്ന ഇന്ത്യക്കാര്‍ ആയിരുന്നു തട്ടിപ്പിന് ഇരയായത് . സ്വദേശികളെന്ന് തോന്നിക്കുന്ന രണ്ട് യുവാക്കള്‍ വിലകൂടിയ സ്പോര്‍ട്സ് കാറില്‍നിന്നിറങ്ങി ഐ ഡി കാണിക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്ത് അപകടം മണത്ത രണ്ടുപേരും രക്ഷപ്പെടുവാന്‍ ശ്രമിച്ചെങ്കിലും , ബലംപ്രയോഗിച്ച് കാറിനടുത്തേയ്ക്ക് കൊണ്ടുപോവുകയും, കയ്യിലുണ്ടായിരുന്ന അറുപത് കുവൈറ്റ്‌ ദിനാറും, സിവില്‍ ഐ ഡിയും, മൊബൈല്‍ഫോണും കൈക്കലാക്കുകയുമായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിട്ടുണ്ടെങ്കിലും പ്രതീക്ഷാനിര്‍ഭരമായ ഒരു പ്രതികരണം സ്റ്റേഷനില്‍നിന്ന് ലഭിച്ചില്ലെന്ന് അക്രമത്തിനിരയായവര്‍ പറഞ്ഞു…

കഴിഞ്ഞ ആഴ്ചയാണ് പിടിച്ചുപറ്റി നടക്കുന്നതിനിടയില്‍ കുത്തേറ്റ് ഒരു ഏഷ്യക്കാരന്‍ സാല്‍മിയയില്‍ വെച്ച് മരണപ്പെട്ടത്. കഴിഞ്ഞ കുറേ കാലമായി വിദേശികള്‍ക്കെതിരെ വ്യാപകമായ ആക്രമണങ്ങള്‍ ഉണ്ടായതിനെതുടര്‍ന്ന് ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെടുകയും , എംബസ്സിയുടെ പ്രതിനിധി പോലീസ് മേധാവിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ ശക്തമായ പോലീസ് പെട്രോളിംഗ് ഏര്‍പ്പെടുത്തുകയും ശാന്തമായ ഒരു അന്തരീക്ഷം നിലനില്‍ക്കുകയും ചെയ്തിരുന്നു. പുതിയ സംഭവവികാസങ്ങളെ ഭയത്തോടെയാണ് പ്രവാസി കുടുംബങ്ങള്‍ കാണുന്നത്….

.